നടി ആക്രമിക്കപ്പെട്ട കേസില്‍ പി.ടി.തോമസ് എം.എല്‍.എയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്ത് എം.എല്‍.എ. ഹോസ്റ്റലില്‍ വച്ച് മൊഴിനല്‍കുന്നതിന് അസൗകര്യമുള്ള കാര്യം അന്വേഷണസംഘത്തെ ഇന്നലെ തന്നെ പി.ടി. തോമസ് അറിയിച്ചിട്ടുണ്ട്. അതിനിടെ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തെളിവുനശിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് പ്രതീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതീഷ് ആലുവ പൊലീസ് ക്ലബില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായത്്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സുനി പ്രതീഷിന് കൈമാറിയെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പ്രതീഷില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന. എന്നാല്‍ ചോദ്യം ചെയ്യലിനെ പറ്റി മാധ്യമങ്ങളോട് സംസാരിക്കാന്‍ പ്രതീഷ് തയാറായില്ല