വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കിന്ന് സെമിപോരാട്ടം. നിലവിലെ കിരീടജേതാക്കളായ ഓസ്ട്രേലിയയാണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ നാലുമല്‍സരങ്ങളില്‍ ഇന്ത്യ വിജയിച്ച ഡെര്‍ബി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മല്‍സരം.
ചരിത്രനേട്ടത്തിലേക്കാണ് മിതാലിരാജിന്റെയും കൂട്ടരുടെയും ഉന്നം. ലോകകപ്പില്‍ ഇതുവരെ സെമിക്കപ്പുറം പോയിട്ടില്ല ഇന്ത്യ. വനിതാസംഘത്തിന് ഓസ്ട്രേലിയയെ മറികടക്കാനായാല്‍ സ്വപ്നസമാന നേട്ടമാകുമത്. ബാറ്റിങാണ് ഒരേസമയം ഇന്ത്യയുടെ കരുത്തും ദൗര്‍ബല്യവും. സ്മൃതി മന്ദാന, ക്യാപ്റ്റന്‍ മിതാലി, ഓപ്പണര്‍ പൂനം റാവത്ത്. റണ്‍സ് നേടാന്‍ കരുത്തുള്ളുവരുടെ നിര തന്നെയുണ്ട് ടീമില്‍.
എന്നാല്‍ സ്ഥിരത പുലര്‍ത്തിയിട്ടുള്ളത് മിതാലി മാത്രം. ജുലന് ഗോസ്വാമി നയിക്കുന്ന ബോളിങ്നിര മോശമാക്കിയിട്ടില്ല. ഏഴാമത്തെ ലോകകപ്പ് ലക്ഷ്യമിട്ടെത്തുന്ന ഓസ്ട്രേലിയയാണ് സാധ്യതകളിലും പ്രകടനമികവിലും ഇന്ത്യയേക്കാള്‍ മുമ്പില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിനോട് നേരിട്ട പരാജയം ഇന്ത്യ മറന്നിട്ടുമില്ല. ഡെര്‍ബി ക്രിക്കറ്റ് ഗ്രൗണ്ട് ഇന്ത്യയ്ക്കിതുവരെ ഭാഗ്യവേദിയാണ്. കളിച്ച നാലുമല്സരത്തിലും വിജയം ഇന്ത്യയ്ക്കൊപ്പം. ഭാഗ്യവും അധികപരിശ്രമവും ഒത്തുചേര്‍ന്നാല്‍ ഫൈനല്‍ ബര്‍ത്ത് അകലയല്ലെന്നുതന്നെ പ്രതീക്ഷിക്കാം