സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപയായി നിശ്ചയിച്ചു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയിലാണ് തീരുമാനം. ഇതോടെ നഴ്സുമാരുടെ സംഘടനകള്‍ സമരത്തില്‍ നിന്ന് പിന്മാറി. അന്‍പത് കിടക്കകള്‍ വരെയുളള ആശുപത്രികള്‍ 20,000 രൂപ നല്‍കണം. കുടുതല്‍ കിടക്കകളുളള ആശുപത്രികളില്‍ കൂടുതല്‍ ശമ്പളം വേണമെന്ന ആവശ്യം പ്രത്യേക സമിതി പഠിക്കും. തൊഴില്‍, നിയമ, ആരോഗ്യ സെക്രട്ടറിമാരടങ്ങുന്ന സമിതി ഒരുമാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും.
കുറഞ്ഞ ശമ്പളം 20,000 രൂപയെന്ന തീരുമാനം ഇന്നുമുതല്‍ പ്രാബല്യത്തിലാകുമെന്നും സമരം ചെയ്ത നഴ്സുമാരോട് പ്രതികാര നടപടി പാടില്ലെന്നും ചര്‍ച്ചയ്ക്കുശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. സമരം വിജയിച്ചതായി നഴ്സുമാരുടെ സംഘടനകള്‍ . മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ചെന്നും സമരത്തിനില്ലെന്നും നഴ്സുമാര്‍ വ്യക്തമാക്കി. ട്രെയിനിങ് സമ്പ്രദായം ഒഴിവാക്കണമെന്ന ആവശ്യം സമിതി പഠിക്കുമെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യുണൈറ്റഡ് നഴ്സ്്സ് അസോസിയേഷന് പ്രസിഡന്റ് ജാസ്മിന് ഷാ പറഞ്ഞു.