ബിഎസ്പി നേതാവ് മായാവതി രാജ്യസഭാംഗത്വം രാജിവെച്ചു. ഗോസംരക്ഷണത്തിന്റെ പേരില്‍ ദലിതര്‍ക്കും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി. ദലിത് വിഷയം ഉന്നയിക്കാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് മായാവതി രാവിലെ രാജ്യസഭയില്‍ രാജി ഭീഷണിമുഴക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. വൈകീട്ട് നാടകീയമായി രാജ്യസഭാ സെക്രട്ടറി ജനറലിന്റെ ഒാഫീസിലെത്തി രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.
രാജ്യസഭയിലെ കാലാവധി അവസാനിക്കാന്‍ ഒന്‍പത് മാസം മാത്രം ബാക്കിനില്‍ക്കെയാണ് രാജി. യു.പിയിലെ സഹാരണ്‍പൂരില്‍ ദലിതര്ക്കുനേരെയുണ്ടായ ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മായാവതി രാജ്യസഭയില്‍ പ്രതിപക്ഷ ആക്രമണത്തിന് തുടക്കമിട്ടത്. മായാവതിയെ പിന്തുണച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയും രംഗത്തെത്തിയിരുന്നു.