ഇന്ത്യയുടെ പതിനാലാം രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രണ്ട് ദലിത് സ്ഥാനാര്‍ഥികള്‍ ആദ്യമായി ഏറ്റുമുട്ടുന്ന പോരാട്ടത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ്, പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പിന്‍ഗാമിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലുമായി തയാറാക്കിയ 32 പോളിങ് ബൂത്തുകളിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നത്. പാര്‍ലമെന്റിലെ 62ാം നമ്പര്‍ മുറിയിലെ ബൂത്തില്‍ ആദ്യം വോട്ട് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു.
കേന്ദ്രമന്ത്രിമാര്‍ , കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അടക്കമുള്ളവര്‍ക്കു പുറമേ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായും പാര്‍ലമെന്റിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. റാം നാഥ് കോവിന്ദിന് ഇലക്ട്രല്‍ കോളേജില്‍ 64 ശതമാനത്തോളം വോട്ടുകിട്ടുമെന്നാണ് കണക്കുകൂട്ടല്‍. എന്‍ഡിഎയിലെ പാര്‍ട്ടികള്‍ക്കുപുറമേ ബിജെഡി, ടിആര്‍എസ്, വൈസ്.എസ്.ആര് കോണ്‍ഗ്രസ്,എെഎഎഡിഎംകെ തുടങ്ങിയ കക്ഷികള്‍ കോവിന്ദിനെ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ പതിനേഴ് പ്രതിപക്ഷപാര്‍ട്ടികളാണ് എതിര്‍സ്ഥാനാര്‍ഥിയായ മീരാ കുമാറിന് ഒപ്പമുള്ളത്.
പാര്‍ലമെന്റ് അംഗങ്ങളും എംഎല്‍എമാരും ഉള്‍പ്പെടുന്ന 4896 അംഗ ഇലക്ട്രല്‍ കോളേജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. വിപ്പ് ബാധകമല്ല. നോമിനേറ്റഡ് അംഗങ്ങള്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ കഴിയില്ല. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിക്കില്ല. എംപിമാര്‍ പച്ച നിറത്തിലും എംഎല്‍എമാര്‍ പിങ്ക് നിറത്തിലും ഉള്ള സ്്്ലിപുകളില് പ്രത്യേകപേന ഉപയോഗിച്ച് വോട്ടുരേഖപ്പെടുത്തുന്നു. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍.