നഴ്സിങ് വിദ്യാർഥികളെ രംഗത്തിറക്കി നഴ്സുമാരുടെ സമരം മൂലമുള്ള പ്രതിസന്ധി മറികടക്കാനുള്ള കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന് (യുഎൻഎ). സര്‍ക്കാര്‍ നീക്കം രോഗികളുടെ ജീവന്‍വച്ച് പന്താടുന്നതിനു തുല്യമാണെന്ന് യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന് ഷാ മനോരമ ന്യൂസിനോട് പറഞ്ഞു.
കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാൻ കണ്ണൂർ ജില്ലയിലെ നഴ്സിങ് കോളജുകളിലെ ഒന്നാം വർഷക്കാർ ഒഴികെയുള്ള വിദ്യാർഥികളെ സമരം നടക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. ജില്ലയിലെ എട്ട് നഴ്സിങ് കോളജുകളിൽ നിന്നുള്ള ഇരുന്നൂറോളം വരുന്ന നഴ്സിങ് വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ നിയോഗിക്കാനാണ് തീരുമാനം.
17 മുതൽ 21 വരെയാണ് നഴ്സിങ് വിദ്യാർഥികളുടെ സേവനം ലഭ്യമാക്കുക. വിദ്യാർഥികൾക്ക് ആശുപത്രികളിൽ ജോലിക്കെത്താനുള്ള സൗകര്യങ്ങൾ ഒരുക്കാൻ ആശുപത്രി മാനേജ്മെന്റിനോടും സുരക്ഷയൊരുക്കാൻ ജില്ലാ പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.