നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അറസ്റ്റിലേക്ക് നയിച്ചത് നിര്‍ണായകമായ അഞ്ചുതെളിവുകള്. ഗൂഢാലോചന സംബന്ധിച്ച സൂചന ലഭിച്ചതിനു പിന്നാലെ പൊലീസ് നടത്തിയ ചിട്ടയാര്‍ന്ന നീക്കങ്ങളില്‍ ദിലീപ് കുടുങ്ങുകയായിരുന്നു. സൈബര്‍ തെളിവുകളാണ് മുഖ്യമായും അറസ്റ്റിലേക്ക് വഴിതെളിച്ചത്.
നടിയെ അപമാനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച മെമ്മറി കാര്‍ഡ് ദിലീപുമായി ഉറ്റബന്ധമുള്ള ഒരാളുടെ സ്ഥാപനത്തില്‍ ഏല്പിച്ചെന്ന വിവരം. മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. അറസ്റ്റിന്റെ തലേന്നാണ് കാര്‍ഡ് സുനിയും മറ്റൊരാളും ചേര്‍ന്ന് കൈമാറിയത്. സുനിയുടെ ഈ കൂട്ടുകാരന്റെ മൊഴി പൊലീസിന് ലഭിച്ചു. ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോണ്‍ കോളുകള്‍ തുടര്‍ച്ചയായി നിരീക്ഷിച്ചതും പൊലീസിന് ചില തുമ്പുകള്‍ നല്കി. ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞ കാര്യങ്ങളിലെ പൊരുത്തക്കേടുകളും പൊലീസ് കണ്ടെത്തി.
13 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ദിലീപ് പറഞ്ഞ കാര്യങ്ങള്‍ തുടര്‍ച്ചയായി അന്വേഷിച്ച പൊലീസ് ഇതില്‍ പലകാര്യങ്ങളും ശരിയല്ലെന്ന് കണ്ടെത്തി. അറസ്റ്റിനു മുന്നോടിയായുള്ള ചോദ്യം ചെയ്യലില്‍ ഈ തെളിവുകള്‍ പൊലീസ് ദിലീപിന്റെ മുമ്പാകെ നിരത്തുകയും ചെയ്തു. ഇതുമാത്രമല്ല, പള്‍സര്‍ സുനി തടവില്‍ കിടക്കുന്ന കാക്കനാട് ജയിലില്‍ പോലും പൊലീസിന്റെ ആളുകളുണ്ടായിരുന്നു. ഇവര്‍ കൃത്യമായി വിവരം പൊലീസിന് കൈമാറുകയും ചെയ്തു.
കൂടാതെ ദിലീപും പള്‍സര്‍ സുനിയും ഒരേ മൊബൈല്‍ ടവറിന്റെ കീഴില്‍ കുറേനേരം ഉണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഈ സമയത്ത് ഷൂട്ടിങ്ങിലായിരുന്നുവെന്ന ദിലീപിന്റെ മൊഴി ശരിയല്ലെന്ന് പൊലീസ് തെളിയിച്ചു. ഒരു ഹോട്ടലില്‍ നടന്ന ദിലീപ്, പള്‍സര്‍ സുനി കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.