അണ്ടര്‍ പതിനേഴ് ലോകകപ്പിനായുളള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയില്‍ മല്‍സരിക്കുന്ന ടീമുകളുടെ പ്രതിനിധികളെത്തി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സന്ദര്‍ശിച്ച സംഘം പൊതുവില്‍ കൊച്ചിയിലെ ഒരുക്കങ്ങളില്‍ തൃപ്തി രേഖപ്പെടുത്തി. പരിശീലന മൈതാനങ്ങളില്‍ ചിലതിന്റെ നിര്‍മാണം പൂര്ത്തിയാകാത്തതിലുളള ആശങ്കയും വിദേശ പ്രതിനിധികള്‍ സംഘാടകരുമായി പങ്കുവച്ചു.
ബ്രസീല്‍,സ്പെയിന് ,നൈജര്‍ ടീമുകളുടെ പ്രതിനിധികളാണ് ൈമതാനങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയത്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നിന്നാണ് സന്ദര്‍ശനം തുടങ്ങിയത്. സ്റ്റേഡിയത്തിലെ അടിസ്ഥാന സൗകര്യങ്ങളും,മൈതാനത്തിന്റെ നിലവാരവുമടക്കം മുഴുവന്‍ കാര്യങ്ങളും സംഘം വിശദമായി പരിശോധിച്ചു.
പിന്നീട് മഹാരാജാസ് കോളജ് ഗ്രൗണ്ടും,പനമ്പിളളി നഗറിലെയും ,ഫോര്‍ട്ട് കൊച്ചിയിലെയും പരിശീലന മൈതാനങ്ങളും സംഘം സന്ദര്‍ശിച്ചു. പനമ്പിളളി നഗറിലെ പരിശീലന മൈതാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകാത്തതില്‍ സംഘം ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ പൊതുവില്‍ കൊച്ചിയിലെ ഒരുക്കങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തിയെന്നാണ് പ്രാദേശിക സംഘാടകരുടെ അവകാശ വാദം. ജര്‍മനി,ഉത്തര കൊറിയന്‍ ടീമുകളുടെ പ്രതിനിധികളും വരും ദിവസങ്ങളില്‍ കൊച്ചിയിലെത്തും.