ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന് നടത്തിയ വെടിവെയ്പ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഇവരുടെ മക്കള്‍ക്ക് പരുക്കേറ്റു. ടെറിട്ടോറിയല്‍ ആര്‍മി അംഗമായ മുഹമ്മദ് ഷൗക്കത്തും ഭാര്യ സഫിയയുമാണ് വീടിനുള്ളില്‍ ഉറങ്ങിക്കിടക്കവെ ഷെല്‍ ആക്രമണത്തില്‍ മരിച്ചത്. രാവിലെ ആറരയോടെയാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ രണ്ട് നാട്ടുകാര്‍ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് ആരോപിച്ചു.
ഇന്ത്യന്‍ ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങിനെ വിളിച്ചുവരുത്തി പാക്കിസ്ഥാന് പ്രതിഷേധമറിയിച്ചു. ഇന്നലെ കശ്മീരിലെ ബന്ദിപ്പോരയിലുണ്ടായ ആക്രമണത്തില്‍ മൂന്നു സൈനികര്‍ക്ക് പരുക്കേറ്റിരുന്നു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന്റെ ഒന്നാംവാര്‍ഷികം കണക്കിലെടുത്ത് താഴ്വരയില് കനത്ത ജാഗ്രതയാണ്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുകയും പലഭാഗങ്ങളിലും കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.