നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. പള്‍സര്‍ സുനിയുമായി ബന്ധമുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കാക്കനാട് ജയിലിനുള്ളില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച കേസില്‍ പള്‍സര്‍ സുനിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണ് പള്‍സര്‍ സുനിയുമായി പരിചയമുള്ള സിനിമയ്ക്കകത്തും പുറത്തും ഉള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്.
കേസില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാന്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഗൂഢാലോചന തെളിയിക്കണമെങ്കില്‍ സാക്ഷിമൊഴിക്കൊപ്പം ശാസ്ത്രീയ തെളിവുകളും വേണ്ടിവരും. കേസില്‍ സംശയിക്കപ്പെടുന്നവരോട് അടുപ്പമുള്ളവരെ ചോദ്യംചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. വേണ്ടിവന്നാല്‍ ദിലീപിനേയും നാദിര്‍ഷയേയും അപ്പുണ്ണിയേയും വീണ്ടും ചോദ്യം ചെയ്യും.
ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മിലുണ്ടായിരുന്നതായി പറയപ്പെടുന്ന സാമ്പത്തിക പ്രശ്നങ്ങളെ പറ്റിയുളള വിവരങ്ങള്‍ ദിലീപിന്റെ സഹോദരന് അനൂപില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞു. പള്‍സര്‍ സുനിക്കൊപ്പമുള്ള ഫോട്ടോ ലഭിച്ച സാഹചര്യത്തില്‍ നടന് ധര്മജന് ബോള്‍ഗാട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസില്‍ കസ്റ്റഡിയിലുള്ള പള്‍സര്‍ സുനിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. കോയമ്പത്തൂരില്‍ തെളിവെടുപ്പിനു കൊണ്ടുപോകാനും പൊലീസിന് പദ്ധതിയുണ്ട്.