ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതരൂക്ഷമാകുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്നും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആദര്‍ശങ്ങള്‍ കോണ്‍ഗ്രസ് കുഴിച്ചുമൂടിയെന്നും നിതീഷ് കുറ്റപ്പെടുത്തി. ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നിതീഷിന്റെ തുടര്‍ച്ചയായ കോണ്‍ഗ്രസ് വിരുദ്ധനീക്കങ്ങള്‍.
ബിജെപി വിരുദ്ധ മഹാസഖ്യത്തിലെ ഉള്‍പ്പോര് മൂര്‍ച്ഛിക്കുന്നു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിനെ പിന്തുണച്ച നിതീഷ് കുമാറിന്റെ നീക്കമാണ് മഹാസഖ്യത്തില്‍ ഉലച്ചിലുണ്ടാക്കിയത്. നിതീഷിന് കൃത്യമായ നിലപാടുകളില്ലെന്നും അവസരവാദിയാണെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് ഗുലാംബലി ആസാദിന്റെ വിമര്‍ശനം. കോണ്‍ഗ്രസില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്നും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ആദര്‍ശങ്ങള്‍ പാര്‍ട്ടി നേതാക്കള്‍ കുഴിച്ചുമൂടിയെന്നും നിതീഷ് തിരിച്ചടിച്ചു. താന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാനില്ലെന്നും പട്നയില്‍ ജെഡിയു പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശത്തില്‍ നിതീഷ് പറഞ്ഞു.
അനധികൃതസ്വത്ത് കേസില്‍ കുടങ്ങിയ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവുമായുള്ള സഹകരണം തുടരുന്നതില്‍ നിതീഷിന് താല്പര്യമില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി സോണിയാ ഗാന്ധി വിളിച്ച പ്രതിപക്ഷനേതാക്കളുടെ യോഗത്തില്‍ നിന്ന് നിതീഷ് വിട്ടുനിന്നരുന്നു. തൊട്ടടുത്ത ദിവസം മൗറീഷ്യസ് പ്രധാനമന്ത്രിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ വിരുന്നില്‍ നിതീഷ് പങ്കെടുക്കകയും ചെയ്തു. നിതീഷിനെ എന്‍ഡിഎ ക്യാംപിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി നേതൃത്വം നടത്തുന്നുണ്ട്.