ആധാര്‍കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍കാര്‍ഡ് ഉടന്‍ റദ്ദാകില്ല. ഭാവിയില്‍ പാന്‍കാര്‍ഡ് റദ്ദാക്കുമെന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നതെന്ന് ആദായനികുതിവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ആധാര്‍കാര്‍ഡും പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രം നല്കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ നികുതിദായകര്‍ പരക്കംപാച്ചിലിലാണ്.
ജൂലായ് ഒന്നിന് മുന്‍പ് ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. അതുകൊണ്ടുതന്നെ കാര്‍ഡുകള്‍ ബന്ധിപ്പിക്കാന്‍ വന്‍തിരക്കാണ് രാജ്യത്തെ ഇന്റര്‍നെറ്റ് കഫേകളിലും അക്ഷയകേന്ദ്രങ്ങളിലും തുടരുന്നത്. ആധാറിലും പാന്‍കാര്‍ഡിലും രേഖപ്പെടുത്തിയിട്ടുളള വിവരങ്ങളില്‍ വ്യത്യാസമുണ്ടെങ്കില്‍ ബന്ധിപ്പിക്കല്‍ സാധ്യമല്ല. സെര്‍വറുകളില്‍ പോയി തിരുത്തിയാല്‍ മാത്രമെ പ്രശ്നം പരിഹരിക്കപ്പെടുകയുളളു. ഇത്തരം സങ്കീര്‍ണതകള്‍ ജനത്തെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
എന്നാല്‍, തിരക്കു കൂട്ടേണ്ട കാര്യമില്ലെന്നാണ് ആദായനികുതി വകുപ്പ് അനൗദ്യോഗികമായി വ്യക്തമാക്കിയത്. നിലവിലെ വിജ്ഞാപനത്തില്‍ പറയുന്നത് ഭാവിയില്‍ പാന്‍കാര്‍ഡ് റദ്ദാക്കുമെന്ന് മാത്രമാണ്. എന്നാല്‍ അത് എന്നാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. രാജ്യത്തെ ഇരുപത്തിയഞ്ച് കോടി ജനങ്ങളുടെ പക്കല്‍ പാന്‍ കാര്‍ഡുണ്ട്. ഇതുവരെ രണ്ടുകോടി ആദായനികുതിദായകര് മാത്രമാണ് ആധാറും പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചത്. അതേസമയം, ആധാര്‍കാര്‍ഡ് നല്കിയാല് മാത്രമെ പുതിയ പാന്‍കാര്‍ഡ് അനുവദിക്കുകയുളളു.