നടിയെ ആക്രമിച്ച കേസില്‍ ആവശ്യമെങ്കില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ്. ദിലീപിനെയും നാദിര്‍ഷയേയും ആലുവ പൊലീസ് ക്ലബില്‍ 13 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്തശേഷം രാത്രി ഒരുമണിയോടെ വിട്ടയച്ചു. കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടക്കം ചോദ്യം ചെയ്യലിന് വിഷയമായി. കേസുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങളും പൊലീസിനോട് പറഞ്ഞെന്നും അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കുമെന്നും ദിലീപ് അറിയിച്ചു.
ഒരു പകല്‍ കടന്ന് അര്‍ധരാത്രിവരെ നീണ്ടു ദിലീപിനെയും നാദിര്‍ഷയേയും ചോദ്യം ചെയ്യുന്നത്. പള്‍സര്‍ സുനിയും സംഘവും തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ മൊഴി എടുക്കാന്‍ പൊലീസിന് മുന്നില്‍ ഹാജരാകുന്നുവെന്നായിരുന്നു ദിലീപിന്റെ അവകാശവാദം. എന്നാല്‍ ചോദ്യം ചെയ്യല്‍ രണ്ടു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ പൊലീസ് ഇത് തള്ളി. നടിയെ ആക്രമിച്ച കേസിന്റെ ഗുഢാലോചന അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിഷയമാണെന്നും കൂടുതല്‍ ചോദിച്ചറിയേണ്ടതുണ്ടെന്നമുള്ള നിലപാടിലായിരുന്നു പൊലീസ്.
കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചോദ്യം ചെയ്യലില്‍ വിഷയമായി. ആക്രമിക്കപ്പെട്ട നടിയും ദിലീപുമായി ഉണ്ടായെന്ന് പറയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, പള്‍സര്‍ സുനിയുടെ ഭീഷണിക്കത്തിലെയും ഫോണ്‍വിളികളിലെയും ആരോപണങ്ങള്‍,, ദിലീപ് നടിയുടെ അവസരം നിഷേധിച്ചതായുള്ള ആരോപണങ്ങള്‍ തുടങ്ങിവയെല്ലാം ചോദ്യം ചെയ്യലില്‍ കടന്നുവന്നു. ഉച്ചയ്ക്ക് 12.30യ്ക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ ഒരു മണിവരെ നീണ്ടു. എല്ലാകാര്യങ്ങളും സംസാരിച്ചെന്നാണ് ചോദ്യം ചെയ്യലിന് ശേഷം ,,ദിലീപ് മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാന്‍ ദിലീപിനെയും നാദിര്‍ഷയേയും വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത്രയും നേരം നീണ്ട ചോദ്യംചെയ്യലിനൊടുവിലും ദിലീപിന്റെ പരാതിയില്‍ കേസെടുക്കുന്നകാര്യത്തില്‍ പൊലീസ് മൗനം തുടരുകയാണ്.