ലോകരാജ്യങ്ങളുമായി ഇന്ത്യയെ ബന്ധിപ്പിക്കുന്നതില്‍ യോഗയ്ക്ക് സുപ്രധാനപങ്കാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരോഗ്യസംരക്ഷണത്തിനുമപ്പുറം തൊഴില്‍ സാധ്യതയും യോഗ നല്കുന്നു. രാജ്യാന്തരയോഗ ദിനത്തിന്റെ ദേശീയതല ഉദ്ഘാടനം ലക്നൗവില്‍ നിര്‍വഹിച്ചശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്തുടനീളം വിവിധ കേന്ദ്രങ്ങളിലായി പതിനായിരങ്ങള്‍ യോഗാചരണത്തില്‍ പങ്കാളിയായി
പ്രധാനവേദിയായ ലകനൗവിലെ രമാഭായിഅംബേദ്കര് ഗ്രൗണ്ടില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. പതിനായിരങ്ങള്‍ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തു. യോഗ ജീവിതത്തിന്റെ ഭാഗമാക്കണമെന്നും യോഗപരിശീലകര്ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും ഉദ്ഘാടനപ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാസന്നാഹങ്ങള്ക്കിടെയായിരുന്നു ഇത്തവണത്തെ യോഗദിനാചരണം. രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിദ്യാര്‍ഥികള്‍ക്കൊപ്പം രാഷ്ട്രപതിഭവനില്‍ യോഗ ചെയ്തു. രാഷ്ട്രപതിഭവനിലെ ജീവനക്കാരും പങ്കെടുത്തു. കോണാര്ട്ട് പ്ലേസില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ വെങ്കയ്യാനായിഡു, വിജയ് ഗോയല്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള് , ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ തുടങ്ങിവയര്‍ പങ്കെടുത്തു. എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി റാംനാഥ് കോവിന്ദിന്റെ സാനിധ്യം ശ്രദ്ധേയമായി. ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ, യോഗ ഗുരു ബാബ രാംദേവ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തുടങ്ങിയവര്‍ അഹമ്മദാബാദില്‍ നടന്ന യോഗഭ്യാസത്തില് പങ്കെടുത്തു. പതിനെട്ടായിരം അടി ഉയരത്തിലുള്ള ലഡാക്ക് സൈനികക്യാംപിലും പൈതൃക വിനോദ സഞ്ചാര കേന്ദ്രമായ മാച്ചുപിച്ചുവിലും യോഗാ ദിനാചരണം സംഘടിപ്പിച്ചു.