കൊച്ചി മെട്രോയ്ക്ക് ആദ്യദിനം മികച്ച കലക്ഷന്‍. എഴുപതിനായിരത്തിലേറെ യാത്രക്കാര്‍ ആദ്യദിനം മെട്രോയില്‍ യാത്ര ചെയ്തെന്നാണ് വിവരം. 25 ലക്ഷത്തിലേറെ രൂപയാണ് ഒന്നാം ദിവസത്തെ കലക്ഷന്‍
കൊച്ചി മെട്രോയില്‍ ആദ്യദിനം രാവിലെ ആറിനു സര്‍വീസ് ആരംഭിച്ചപ്പോള്‍ തുടങ്ങിയ തിരക്ക് രാത്രി പത്തുവരെ തുടര്‍ന്നു. ഉച്ചയ്ക്കുശേഷമാണ് കൂടുതല്‍ യാത്രക്കാര്‍ മെട്രോ സ്റ്റേഷനുകളിലെത്തിയത്. പാലാരിവട്ടം, ആലുവ സ്റ്റേഷനുകളിലായിരുന്നു തിരക്ക് കൂടുതല്‍. രാത്രിയും കുടുംബത്തോടൊപ്പം മെട്രോയില്‍ യാത്രചെയ്യാന്‍ ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ടിക്കറ്റിനായി ഏറെ നേരം ക്യൂ നില്‍ക്കേണ്ടിവന്നത് വലച്ചെങ്കിലും സര്‍വീസ് തുടങ്ങിയ ആദ്യദിനം തന്നെ മെട്രോയില്‍ യാത്ര ചെയ്യാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കൊച്ചിക്കാര്. ട്രെയിനില്‍ രാത്രി ഉണ്ടായിരുന്ന വലിയ തിരക്കും അവര്‍ വകവച്ചില്ല.
അമ്പാട്ടുകാവ്, പുളിഞ്ചോട് തുടങ്ങിയ തിരക്കുകുറഞ്ഞ സ്റ്റേഷനുകളില്‍ വൈകിട്ടോടെ മെട്രോ യാത്രയ്ക്കുള്ള സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്തു തുടങ്ങി. കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് കാര്‍ഡ് എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെ.എം.ആര്‍എല്‍. പാര്‍ക്കിങ് പ്രശ്നങ്ങളും മെട്രോയുടെ ആദ്യദിനത്തില്‍ ചെറിയ കല്ലുകടിയായി.