കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരന്റെ മാല മോഷ്ടിച്ച കസ്റ്റംസ് ഉദ്യോഗസ്ന് അറസ്റ്റിൽ. ഹവീൽദാർ അബ്ദുൽ കരീമാണ് മൂന്നു പവനിലേറെ തുക്കമുളള സ്വർണമാല മോഷ്ടിച്ചതിനെ തുടർന്ന് അറസ്റ്റിലായത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു.
കസ്റ്റംസ് പരിശോധനക്കായി ഡിഷിൽ ഊരി വച്ച 25 ഗ്രാം തൂക്കമുളള സ്വർണമാലയാണ് മോഷ്ടിക്കപ്പെട്ടത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി കുഞ്ഞിരാമൻ മാല നഷ്ടപ്പെട്ടൂവെന്ന് പരാതിപ്പെട്ട് പലവട്ടം കസ്റ്റംസ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. മോഷണം കണ്ടെത്താനാവാത്തതിനെ തുടർന്നാണ് ലോക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി പരിശോധയിൽ മാല കൈക്കലാക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വില കൂടിയ വസ്തുക്കൾ കസ്റ്റംസ് പരിശോധനക്കിടെ നഷ്ടമാകുന്നൂവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. സി.സി.ടി.വി പ്രവർത്തന രഹിതമാണന്ന പേരിലാണ് അന്നൊക്കെ കുറ്റക്കാരിൽ ചിലർ രക്ഷപ്പെട്ടത്.