സംസ്ഥാനത്ത് ഇന്ന് രണ്ട് പകര്‍ച്ചപ്പനി മരണം കൂടി. പാലക്കാട് മുതലമട സ്വദേശി ദീപ, കൂരാച്ചുണ്ട് കാളങ്ങാരി ചെട്ടിയാംതോടിയില് ഹസീന എന്നിവരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് പനിമരണം 13 ആയി. കോഴിക്കോട് കൂരാച്ചുണ്ടില്‍ മാത്രം ഏഴുപേര്‍ മരിച്ചു. സംസ്ഥാനത്ത് 30 പേരുടെ മരണം ഡെങ്കിപ്പനി മൂലമാണെന്നു സംശയിക്കുന്നു. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ആറായിരത്തി മുന്നൂറ്റി നാല്പതു പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏഴു പനിമരണം നടന്ന കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പനിബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും സൗജന്യ റേഷന്‍ അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കലക്ടര്‍ യു.വി ജോസ് അറിയിച്ചു.
Advertisement