അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സില്‍ നിന്നും ഇന്ന് സെനറ്റ് പരസ്യമായി മൊഴിയെടുക്കും. അമേരിക്കന്‍ പ്രസിഡന്റിനെ സമ്മര്‍ദത്തിലാക്കിയ മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയുടെ വെളിപ്പെടുത്തലുകളില്‍ സെഷന്‍സിന്റെയും പേര് പരാമര്‍ശിച്ചിരുന്നു. മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക് ഫ്ലിന്നിന്റെ റഷ്യന്‍ ബന്ധം സംബന്ധിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോകേണ്ടതില്ല എന്ന് പ്രസിഡന്റ് ട്രംപ് തന്നോട് ആവശ്യപ്പെട്ടെന്നാണ് ജെയിംസ് കോമി സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.
ഇതിന് സെഷന്‍സ് സാക്ഷിയാമെന്നും കോമി പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് സെനറ്റ് വിശദീകരണം തേടും. അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്സിനെതിരെയും നേരത്തെ റഷ്യന്‍ ബന്ധ ആരോപണം ഉയര്‍ന്നിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണ ടീമില്‍ അംഗമായിരുന്നു സെഷന്‍സ്. പ്രചരണ കാലയളവില്‍ അമേരിക്കയിലെ റഷ്യന്‍ പ്രതിനിധിയുമായി രണ്ടു വട്ടം കൂടിക്കാഴ്ച നടത്തിയത് അറ്റോര്‍ണി ജനറലായി സ്ഥാനമേറ്റെടുക്കുമ്പോള്‍ സെനറ്റിനു മുമ്പില്‍ സെഷന്‍സ് മറച്ചുവെച്ചിരുന്നു.