അണ്ണാഡിഎംകെ വീണ്ടും പിളര്‍പ്പിലേയ്ക്ക്. മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനടക്കം പത്ത് എം.എല്‍ എമാര്‍ ദിനകരനു പിന്തുണയുമായി രംഗത്തെത്തി. പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മന്ത്രിമാരുമായും എം.എല്‍എമാരുമായും മുഖ്യമന്ത്രി പളനിസാമി അടിയന്തര ചര്‍ച്ച നടത്തി. ശശികലയ്ക്കും ദിനകരനും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പളനിസാമി വിഭാഗം ആവര്‍ത്തിച്ചു.
ദിനകരന്റെ തിരിച്ചു വരവിനോട് ആദ്യം അനുകൂലിച്ച് രംഗത്തെത്തിയത് മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനാണ്. മന്ത്രിയെ കൂടാതെ പത്തോളം എം. എല്‍എമാര്‍ ദിനകരന് പിന്തുണ നല്‍കിയതായാണ് വിവരം. ശശികലയെ കാണാന്‍ ബെംഗളൂരു ജയിലില്‍ ദിനകരന് എത്തിയത് ഈ എം. എല്എമാരുമായാണ്. ലോക്സഭാ ഡപ്യൂട്ടി സ്പീക്കര്‍ തന്പിദുരൈയും ദിനകരന് പക്ഷത്താണെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പളനിസാമി, മന്ത്രിമാരുമായും എം.എല്‍എമാരുമായും അടിയന്തര ചര്‍ച്ച നടത്തിയത്. ശശികലയ്ക്കും ദിനകരനും പാര്‍ട്ടിയുമായി ബന്ധമില്ലെന്നും പ്രവര്‍ത്തകരോ നേതാക്കളോ ഇവരുമായി ബന്ധപ്പെടരുതെന്നും മന്ത്രി ഡി. ജയകുമാര്‍ ആവശ്യപ്പെട്ടു.
ദിനകരന് പക്ഷത്തേയ്ക്ക് കൂടുതല്‍ പേര് എത്താതിരിയ്ക്കാനുള്ള ശ്രമത്തിലാണ് പളനിസാമി വിഭാഗം. തല്ക്കാലത്തേയ്ക്ക് നിര്‍ത്തി വച്ച പനീര്‍സെല്‍വം വിഭാഗവുമായുള്ള ലയന ചര്‍ച്ച പുനരാരംഭിയ്ക്കാനും ഇവര്‍ നീക്കം നടത്തുന്നുണ്ട്.