സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. cbseresults.nic.in , results.gov.in , results.nic.in. എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഫലം അറിയാം. മോഡറേഷന് മാര്‍ക്ക് ചേര്‍ത്തുള്ള ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയവരില്‍ എന്പത്തിരണ്ടുശതമാനം പേര് വിജയിച്ചു. കഴിഞ്ഞതവണത്തെ വിജയശതമാനം എണ്‍പത്തിമൂന്ന് ദശാംശം പൂജ്യം അഞ്ചായിരുന്നു. ഡല്‍ഹി ആമിറ്റി ഇന്റര്‍ നാഷണല്‍ സ്കൂളിലെ രക്ഷാഗോപാല് 99.6 ശതമാനം മാര്‍ക്കോടെ ഒന്നാം റാങ്ക് സ്വന്തമാക്കി. ചഢീഗഡ് സ്വദേശി ഭൂമി യാദവിനാണ് രണ്ടാം റാങ്ക്. പത്താംക്ലാസ്, പ്ലസ് വണ്‍ ഫലങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി.
മോഡറേഷന് ഒഴിവാക്കിയാണ് മൂല്യനിര്‍ണയം ആദ്യം പൂര്‍ത്തിയാക്കിയതെങ്കിലും ഹൈക്കോടതി വിധിപ്രകാരം മോഡറേഷന് മാര്‍ക്ക് പിന്നീട് ചേര്‍ക്കുകയായിരുന്നു. മോഡറേഷന് റദ്ദാക്കാനുള്ള സി.ബി.എസ്.ഇ തീരുമാനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞതോടെയാണ് വിദ്യാര്‍ത്ഥികളുടെ ആശങ്ക ഒഴിഞ്ഞത്. ഹൈക്കോടതി വിധിയില്‍ സി.ബി.എസ്.ഇ അധികൃതരേയോ നടത്തിപ്പിനെയോ വിമര്‍ശിക്കുന്നില്ലെന്ന വിദഗ്ധോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നിയമപോരാട്ടം തുടരേണ്ടെന്ന് സി.ബി.എസ്.ഇ തീരുമാനിക്കുകയായിരുന്നു.. 1992മുതലാണ് പരീക്ഷകളില്‍ കഠിനമായ ചോദ്യങ്ങള്‍ക്ക് സി.ബി.എസ്.ഇ പതിനഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക് നല്കിതുടങ്ങിയത്. രാജ്യത്തെ പത്തായിരത്തി അറുന്നൂറ്റി എഴുപത്തിഎട്ട് സ്കൂളുകളില്‍ നിന്നായി പത്തുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.