ദേശീയപാതക്കരുകിലെ ബാറുകള്‍ക്ക് പൂട്ടുവീണതോടെ ദൂരപരിധി മറികടക്കാന്‍ ബാറുടമകളുടെ കുറുക്കുവഴി. കണ്ണൂര്‍ തലശേരി ദേശീയപാതയില്‍ മേലെചൊവ്വയില്‍ പ്രവര്‍ത്തിച്ചിരുന്ന ബാറിനുവേണ്ടി ഒരുകിലോമീറ്റര്‍ ജനവാസകേന്ദ്രത്തിലൂടെ റോഡ് നിര്‍മിച്ചാണ് വൈന്‍ പാര്‍ലര്‍ തുറക്കാന്‍ ശ്രമം നടത്തുന്നത്. കുന്നിടിച്ച് റോഡ് നിര്‍മിച്ചതോടെ പ്രതിഷേധവുമായി ജനങ്ങളും രംഗത്തെത്തി.
മേലെ ചൊവ്വ ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന സ്കൈ പേള്‍ വൈന്‍ പാര്‍ലറിന് സുപ്രീം കോടതി വിധിയോടെ പൂട്ടുവീണു.കെട്ടിടത്തിന്റെ മുന്‍വശം ഒറ്റരാത്രി കൊണ്ട് അടച്ച് മതില്‍കെട്ടി. ഇനി ഹോട്ടലിന്റെ പിന്നിലേക്ക് പോകാം. മുന്‍വശത്തെ വഴിഅടച്ച് പാര്‍ലറിന്റെ പിറകുവശം പ്രവേശനമാക്കി റോഡ് നിര്‍മിക്കുകയാണ് ബാറുടമ. ഇതിനായി പ്രദേശത്തെ ഏക്കറുകണക്കിന് സ്ഥലം വാങ്ങിക്കൂട്ടി. കുന്നിടിച്ച് ജനവാസകേന്ദ്രത്തിലേക്ക് റോഡ് നിര്‍മിച്ചതോടെയാണ് ജനങ്ങള്‍ എതിര്‍പ്പുമായി എത്തിയത്.
കുന്നിടിച്ചതിനെതിരെ നാട്ടുകാര്‍ ജിയോളജി വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ പലസ്ഥലങ്ങളിലും സമാനരീതിയില്‍ സുപ്രീംകോടതി വിധിയുടെ ദൂരപരിധി മറികടക്കാന്‍ കുറുക്കുവഴികള്‍ നിര്‍മിച്ച് വൈന്‍ പാര്‍ലറുകള്‍ തുറന്നിട്ടുണ്ട്. പരാതികളില്‍ എക്സൈസ് വകുപ്പും നിയമനടപടികള്‍ പരിശോധിച്ചുവരികയാണ്.