മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഹെലികോപ്റ്റർ അപകടത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറിനെ തുടർന്ന് മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ ലാത്തൂരിൽ ഇടിച്ചിറക്കുകയായിരുന്നു. താനും സംഘത്തിലുണ്ടായിരുന്നവരും സുരക്ഷിതരാണെന്ന് ഫഡ്നാവിസ് ട്വീറ്ററിലൂടെ അറിയിച്ചു.
‘ലാത്തൂരിൽ ഞങ്ങളുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. ഞാനും എനിക്കൊപ്പമുള്ളവരും പൂർണമായും സുരക്ഷിതരാണ്. ഭയപ്പെടാൻ ഒന്നുമില്ല’–ഫഡ്നാവിസ് ട്വിറ്ററിൽ കുറിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ പെട്ടെന്ന് ഇടിച്ചിറക്കുകയായിരുന്നു. ദൈവത്തിന്റെ അനുഗ്രഹത്താൽ അപായമൊന്നും സംഭവിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാലുപേരായിരുന്നു ഏഴു വർഷത്തോളം പഴക്കമുള്ള ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ചേതൻ പതക് എന്ന സഹയാത്രികന് ചെറിയ പരുക്കുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു.