പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിശാലസഖ്യം രൂപീകരിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിച്ചുനിര്‍ത്താനുള്ള നീക്കങ്ങളുമായി കെ സച്ചിദാനന്ദന്റെ നേതൃത്വത്തില്‍ സാംസ്ക്കാരിക കൂട്ടായ്മ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുമടക്കമുള്ള നേതാക്കളുമായി സാംസ്ക്കാരിക പ്രവര്‍ത്തകര്‍ ഇതിനായി ചര്‍ച്ച നടത്തും. തീവ്രവലതുപക്ഷ രാഷ്ട്രീയം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെച്ചൊല്ലി സിപിഎമ്മിലുള്ള ഭിന്നതകള്‍ മണ്ടത്തരമാണെന്ന് കെ സച്ചിദാനന്ദന് പറഞ്ഞു.
നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും മുന്നേറ്റം തടയാന്‍ ദേശീയതലത്തില്‍ ബിഹാറിലേതുപോലെ വിശാലസഖ്യം രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ സജീവമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പ് അതിനുള്ള വേദിയാക്കാനാണ് സോണിയാ ഗാന്ധിയടക്കമുള്ളവരുടെ നീക്കം. ആശയപരമായ ഭിന്നതകള്‍ക്കപ്പുറം എല്ലാ പ്രതിപക്ഷപ്പാര്ട്ടികളെയും ഒരു കുടക്കീഴില് കൊണ്ടുവരാനുള്ള ശ്രമമാണ് കവി സച്ചിദാനന്ദന് ഉള്‍പ്പെടുന്ന സാംസ്ക്കാരിക കൂട്ടായ്മ നടത്താന്‍ ഒരുങ്ങുന്നത്. ഇതിനായി വ്യാഴാഴ്ച്ച മുതല്‍ വിവിധ രാഷ്ട്രീപ്പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും
കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനെച്ചൊല്ലി സിപിഎമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ദക്ഷിണായന്‍ എന്ന പേരില്‍ രൂപീകരിച്ച 147 സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയാണ് വിശാലസഖ്യത്തിനായി പ്രതിപക്ഷപാര്‍ട്ടികളെ ഒരുമിച്ചു നിര്‍ത്താനുള്ള സാംസ്ക്കാരിക പ്രവര്‍ത്തകരുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.