രാഷ്ട്രീയ പ്രവേശനത്തിനുള്ള രജനികാന്തിന്റെ നീക്കത്തിനെതിരെ അണ്ണാ ഡിഎംകെ മന്ത്രിമാര്‍. തദ്ദേശ മന്ത്രി എസ്.പി.വേലുമണിയും സഹകരണ മന്ത്രി സെല്ലൂര്‍ കെ. രാജുവുമാണ് രജനിയ്ക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം നടന്ന ആരാധക സംഗമത്തില്‍ ഭരണ സംവിധാനം പാടേ തകര്‍ന്നു പോയി എന്ന രജനിയുടെ ഈ പ്രസ്താവനയാണ് അണ്ണാ ഡിഎംകെ മന്ത്രിമാരെ ചൊടിപ്പിച്ചത്. ഭരണ സംവിധാനത്തെ വിമര്‍ശിയ്ക്കുന്ന താരം നാട്ടില്‍ നടക്കുന്നതെന്തൊക്കെയെന്ന് കണ്ണു തുറന്ന് കാണണമെന്ന് മന്ത്രി എസ്. പി. വേലുമണി ആവശ്യപ്പെട്ടു.
എം.ജി. ആറിനും ജയലളിതയ്ക്കും ശേഷം സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വന്ന ശരത്കുമാറിന്റെയും വിജയകാന്തിന്റെയും അവസ്ഥ എല്ലാവര്‍ക്കുമറിയാമെന്നും ഇതെല്ലാം ഓര്‍ക്കുന്നതാണ് രജനിയ്ക്ക് നല്ലതെന്നും സെല്ലൂര്‍ കെ. രാജു പറഞ്ഞു.