സികെ വിനീതിന്റെ ഇരട്ടഗോളില്‍ ബെംഗളൂരു എഫ്സിക്ക് ഫെഡറേഷന് കപ്പ് ഫുട്ബോള്‍ കിരീടം. ഫൈനലില്‍ നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്പിച്ചു. എസ്ട്രാ ടൈമിലാണ് രണ്ടു ഗോളും പിറന്നത്.
കളി മതിയാക്കി പണിയെടുക്കാന്‍ പറഞ്ഞവര്‍ക്ക് തന്റെ മികവെന്തെന്ന് കളിച്ചു തന്നെ വിനീതിന്റെ മറുപടി. രണ്ടാംപകുതിയില്‍ പകരക്കാരനായി ഇറങ്ങിയ വിനീതിന്റെ ഇരട്ടഗോളില്‍ മോഹന്‍ ബഗാന്റെ തുടര്‍ച്ചയായ പത്തു വിജയങ്ങളുടെ പടയോട്ടം ബെംഗളൂരു എഫ്.സി. അവസാനിപ്പിച്ചു. പരുക്ക് മൂലം ബെംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രി കളത്തിലിറങ്ങിയില്ല. 90 മിനിറ്റ് സമയത്തിനുള്ളില്‍ രണ്ടു തവണ മോഹന്‍ ബഗാന്റെ വല കുലുക്കിയെങ്കിലും രണ്ടും ഓഫ്സൈഡായി. ബഗാന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച് സന്ദേശ് ജിങ്കാനും കളംനിറഞ്ഞു.
അധികസമയത്തേക്ക് നീണ്ട കളിയില്‍ 107ാം മിനിറ്റില്‍ ബെംഗളൂരുവിന്റെ ആദ്യ ഗോള്‍. ബഗാന്റെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് വിനീത് പന്ത് വലയ്ക്കുള്ളിലാക്കി. വിനീതിന്റെ ക്ലാസ് കണ്ട ഗോളായിരുന്നു രണ്ടാമത്തേത്. അധികസമയം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ മൂന്ന് ബഗാന് താരങ്ങളെ കടന്ന് വിനീതിന്റെ ഷോട്ട് വീണ്ടും പോസ്റ്റിനുള്ളിലേക്ക്. ബെംഗളൂരു എഫ്.സിയുടെ രണ്ടാമത്തെ ഫെഡറേഷന് കപ്പ് കിരീടമാണിത്.