സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. കിരീടാവകാശിയെ കണ്ടെത്താന്‍ ഫോട്ടോഫിനിഷിലേക്ക് ആവേശത്തോടെ കുതിച്ച ലാ ലിഗയില്‍ റയല്‍ മഡ്രിഡും ബാര്‍സിലോനയും സീസണിലെ അവസാന മല്‍സരങ്ങള്‍ക്കിറങ്ങുന്നു. തോല്‍ക്കാതിരുന്നാല്‍ റയലിന് കപ്പുയര്‍ത്താം.
നൂറു മീറ്റര്‍ ഓട്ടമല്‍സരത്തിന്റെ ഫിനിഷിങ് ലൈനില്‍ തൊട്ടു തൊട്ടില്ലെന്ന മട്ടില്‍ സ്പാനിഷ് ലീഗ് കിരീടത്തിനായി കുതിച്ച റയലിനും ബാര്‍സയ്ക്കും ഇന്ന് ക്ലൈമാക്സ് പോരാട്ടം. 37 കളികളില്‍ നിന്ന് റയല്‍ മഡ്രിഡിന് 90 പോയിന്റും ബാര്‍സിലോനയ്ക്ക് 87 പോയിന്റുമാണുള്ളത്. കൈക്കുള്ളിലെത്തിയ കിരീടം നഷ്ടമാകാതിരിക്കാന്‍ റയലിന് ഇന്ന് മലാഗയ്ക്കെതിരായ എവെ മല്‍സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതി. ബാര്‍സിലോനയ്ക്ക് റയല്‍ തോല്‍ക്കുകയും സ്വന്തം ഗ്രൗണ്ടില്‍ ഐയ്ബറിനെതിരെ ഇന്ന് വിജയിക്കുകയും വേണം. പോയിന്റ് നിലയില്‍ ഒപ്പമെത്തിയാല്‍ ഗോള്‍ശരാശരിയില്‍ മുന്നിലെന്ന മികവില്‍ ബാര്‍സയ്ക്ക് കിരീടം നിലനിര്‍ത്താം.
2011-12 സീസണിലാണ് റയല്‍ അവസാനം ലീഗ് കിരീടം നേടിയത്. ലാ ലിഗയില്‍ കപ്പടിക്കാനായാല്‍ ചാംപ്യന്‍സ് ലീഗില്‍ ഫൈനലില്‍ കടന്ന റയലിന് ഇരട്ടക്കിരീടമാണ് സീസണില്‍ കയ്യെത്തും ദൂരത്ത്. മെസിയുടെ താരപ്രഭയില്‍ ബാര്‍സ കുതിച്ചപ്പോള്‍ നിക്ഷ്പ്രഭമായ റയല്‍ മഡ്രിഡിനെ ലീഗ് കിരീടമണിയിക്കാനുള്ള സൂപ്പര്‍ പരിശീലകരുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടിടത്താണ് സിനദീന്‍ സിദാന് താരമാകുന്നത്. നിര്ണായകമല്സരത്തിന്റെ സമ്മര്‍ദത്തില്‍ സ്വന്തം പോസ്റ്റ് തുറന്നിടാതിരുന്നാല്‍ റയലിന് മുപ്പത്തി മൂന്നാം വട്ടം ലീഗ് കിരീടമണിയാം. റൊണാള്‍ഡോയും ഇസ്കോയും റാമോസും ബെയ്്ലുമെല്ലാം സര്‍വം മറന്ന് കളംനിറയുമെന്ന് ഉറപ്പ്. പാരമ്പര്യവൈരികളായ ബാര്‍സിലോനയോട് എല്‍ ക്ലാസിക്കോയിലെ തോല്‍വിക്ക് മറുപടിയില്ലാത്ത പകരം വീട്ടല്‍.