ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ചെറുക്കുന്നതിനിടെ രണ്ടു സൈനികർക്കു വീരമൃത്യു. സൈന്യം നടത്തിയ തിരിച്ചടിയിൽ രണ്ടു ഭീകരർ കൊല്ലപ്പെടുകയും ചെയ്തു. വടക്കൻ കശ്മീരിലെ നൗഗാം സെക്ടറിൽ നിയന്ത്രണ രേഖയോടു ചേർന്നാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതായാണ് വിവരം.
അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ രണ്ടു സൈനികർ വീരമൃത്യു വരിച്ചതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. കുപ്വാര ജില്ലയിലെ നൗഗാം സെക്ടറിലാണ് സംഭവമെന്ന് സൈനിക വക്താവ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം നടത്തിയ പരിശോധനയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം കണ്ടെത്തിയതെന്നാണ് സൂചന.
കഴിഞ്ഞ ഏതാനും ദിവസമായി കശ്മീർ അതിർത്തി അശാന്തമായിരുന്നു. പാക്ക് സൈന്യത്തിന്റെ നേതൃത്വത്തിൽ അതിർത്തിയിലെ ഗ്രാമങ്ങളെ ലക്ഷ്യമാക്കി വലിയ ആക്രമണം നടന്നിരുന്നു. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു.