മുസ്ലിം വിവാഹമോചനത്തിന് പുതിയ നിയമം മൂന്നുമാസത്തിനുള്ളില്‍ കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. മുത്തലാഖ് കേസ് പരിഗണിച്ച അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. എല്ലാതരം തലാഖുകളും ഭരണഘടനാ വിരുദ്ധമാണ്. ഇവ സുപ്രീംകോടതി എടുത്തുകളഞ്ഞാലാണ് പുതിയ നിയമം കൊണ്ടുവരിക.
തലാഖ് മുഴുവന്‍ നിരോധിച്ചാല്‍ മോശം വിവാഹത്തില്‍ നിന്ന് മുസ്ലിം പുരുഷന്മാര് എങ്ങനെ മോചനം നേടുമെന്ന കോടതിയുടെ ചോദ്യത്തോടായിരുന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ പ്രതികരണം. വിവാഹമോചന വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും, പുരുഷന്മാര്ക്ക് തുല്യമായി സ്ത്രീകളെ സമുദായത്തിനുള്ളില്‍ പരിഗണിക്കുന്നില്ലെന്നും കേന്ദ്രം അറിയിച്ചു. അതേസമയം മുത്തലാഖ് വിഷയത്തില്‍് തീരുമാനമെടുത്തശേഷം ബഹുഭാര്യാത്വ വിഷയം പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.