കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ ഭിന്നത വ്യക്തമാക്കി പാലക്കാട്ട് ചേരി തിരിഞ്ഞ് ജില്ലാ കൗൺസിൽ യോഗം. സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി ജോബി വി. ചുങ്കത്തുമാണ് പ്രത്യേകം യോഗം വിളിച്ചത്. പാലക്കാട് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടെന്ന നസിറുദ്ദീന്റെ പ്രഖ്യാപനം അംഗീകരിക്കില്ലെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും ജോബി വി. ചുങ്കത്തിനെ പുറത്താക്കിയതിനു പിന്നാലെ പാലക്കാട് ജില്ലാ കമ്മിറ്റിയെ പിരിച്ചുവിട്ടതായി സംസ്ഥാനപ്രസിഡന്റ് ടി. നസിറുദ്ദീൻ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജോബി വി ചുങ്കത്തിനോട് മൽസരിച്ച് പരാജയപ്പെട്ട ബാബു കോട്ടയിലാണ് നസിറുദ്ദീൻ വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റ്. ജില്ലയിലെ നൂറിലധികം വ്യാപാരയൂണിറ്റുകൾ ഒപ്പമുണ്ടെന്ന് നസിറുദ്ദീൻ അവകാശപ്പെടുന്നു.
അതേസമയം നസിറുദ്ദീൻ വിഭാഗത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്ന് വ്യാപാരഭവനിൽ ചേർന്ന ജില്ലാ കമ്മിറ്റിയും വ്യക്തമാക്കി. നസിറുദ്ദീൻ ഏകപക്ഷീയ തീരുമാനമാണെടുക്കുന്നത്.
ഏകോപനസമിതിയുടെ കീഴിലുളള മറ്റ് ജില്ലകളിലെ യൂണിറ്റുകളും പിടിച്ചെടുക്കാൻ ഇരുവിഭാഗവും നീക്കം തുടങ്ങി.