കണ്ണൂര്‍ പയ്യന്നൂരില്‍ ആര്.എസ്.എസ്. പ്രവര്‍ത്തകനെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. കക്കംപാറ ആര്.എസ്.എസ് മണ്ഡലം കാര്യവാഹക് ബിജുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നാളെ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
വൈകിട്ട് നാലുമണിക്ക് മുട്ടം ടൗണിനടുത്ത് ബൈക്കില്‍ വരികയായിരുന്ന ബിജുവിനെ അക്രമിസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.കഴുത്തിനും വയറിനും വെട്ടേറ്റ ബിജു രക്തം വാര്‍ന്ന് റോഡരികില്‍ കിടന്നെങ്കിലും ആരും ആശുപത്രിയിലേക്ക് മാറ്റിയില്ല. ഒടുവില്‍ പയ്യന്നൂര്‍ പൊലീസ് എത്തിയാണ് ബിജുവിന്റെ മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ ജൂലൈമാസത്തില്‍ കുന്നുരുവില് ഡിവൈഎഫ്ഐ നേതാവ് ധനരാജ് കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ടാം പ്രതിയായ ബിജു കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് പിന്നില്‍ സിപിഎം ജില്ലാനേതൃത്വമാണെന്ന് ആര്‍എസ് എസ് കുറ്റപ്പെടുത്തി.
പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ബിജുവിന്റെ മൃതദേഹം നാളെ രാവിലെ പോസ്റ്റുമോര്‍ട്ടം ചെയ്യും.വിലാപയാത്രയായി പയ്യന്നൂരിലെത്തിക്കുന്ന മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം കക്കംപാറയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.കണ്ണൂര്‍ ജില്ലയിലുംമാഹിയിലും രാവിലെ ആറുമണിമുതല്‍ ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പയ്യന്നൂര്‍ സിഐ ആസാദിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.