ചിന്നക്കനാലിന് സമീപം പെരിയകനാലില്‍ ഏലപ്പട്ടയ ഭൂമിയില്‍ ചട്ടങ്ങള്‍ ലംഘിച്ച് വന്‍കിട റിസോര്‍ട്ടിന്റെ നിര്‍മാണം പുരോഗമിക്കുന്നു. ടണ്‍ കണക്കിന് മണ്ണ്് നീക്കി റോഡ് നിര്‍മിച്ചും ആനത്താര തടസപ്പെടുത്തിയുമാണ് നിര്‍മാണം. വന്മരങ്ങള്ക്ക് മുകളില്‍ അപകടകരമായ രീതിയില്‍ കൂറ്റന്‍ ഏറുമാടങ്ങളുടെ നിര്‍മാണവും പുരോഗമിക്കുന്നു.
വനഭൂമിയോട് ചേര്‍ന്ന് കിടക്കുന്നു ഏലത്തോട്ടത്തിലാണ് റിസോര്‍ട്ട് നിര്‍മാണം പുരോഗമിക്കുന്നത്. തേയിലതോട്ടങ്ങള്‍ക്കിടയിലൂടെ മൂന്ന് കിലോമീറ്ററിലേറെ സഞ്ചരിക്കണം നൂറേക്കറിലേറെ വരുന്ന ഏലത്തോട്ടത്തിലെത്താന്. എതിര്‍വശത്തുള്ള ആനയിറങ്കല്‍ അണക്കെട്ടിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന രീതിയിലാണ് റിസോര്‍ട്ടിന്റെ നിര്‍മാണം. രണ്ട് നിലകെട്ടിടത്തിന്റെ നിര്‍മാണം അവസാനഘട്ടത്തിലെത്തി. ഇതിനോട് ചേര്‍ന്നാണ് വന്മരത്തിന് മുകളില്‍ ഏറുമാടത്തിന്റെ നിര്‍മാണം.
പ്രദേശത്തെ സ്ഥിരം സാന്നിധ്യമായ കാട്ടാനകളെ തുരത്താന്‍ റിസോര്‍ട്ട് ഉടമ വൈദ്യുതി വേലികള്‍ സ്ഥാപിച്ചു. ഇത് കൂടാതെ കൂറ്റന്‍ കിടങ്ങുകള്‍ നിര്‍മിച്ച് ആനകളുടെ സഞ്ചാരപാതയും തടസ്സപ്പെടുത്തി. മല ഇടിച്ചുനിരത്തിയും ടണ്‍ കണക്കിന് മ്ണ്ണ് നീക്കിയാണ് റിസോര്‍ട്ടിലേക്കുള്ള വഴിവെട്ടുന്നത്. രഹസ്യമായി നടന്നിരുന്ന റിസോര്‍ട്ട് നിര്‍മാണം വഴിവെട്ടാന് തുടങ്ങിയതോടെ റവന്യൂ ഉദ്യോഗസ്ഥര്‍ അറിഞ്ഞു. രാജകുമാരി വില്ലേജില്‍പെടുന്ന ഭൂമി ചട്ടങ്ങള്‍ ലംഘിച്ച് മറച്ചുവിറ്റതായും സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് റവന്യൂ വകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചു.
Advertisement