വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്താന്‍ കഴിയുമെന്ന ആരോപണം തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെല്ലുവിളി. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഉള്‍പ്പെടെ അടുത്ത ആഴ്ച്ച രണ്ടുദിവസത്തെ സമയം നല്‍കും. വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികള്‍ ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. യോഗം പുരോഗമിക്കുകയാണ്. വോട്ട് ചെയ്തത് ആര്‍ക്കാണെന്ന് അറിയാന്‍ കഴിയുന്ന വിവിപാറ്റ് സംവിധാനം 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വ്യാപകമാക്കാനും തീരുമാനമായി.
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടത്തുന്നതെങ്ങിനെയെന്ന് സ്ഥാപിക്കാന്‍ ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ആംആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ഭരദ്വാജ് ശ്രമിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും വോട്ടുകള്‍ ബിജെപിക്ക് രേഖപ്പെടുത്തപ്പെടുന്ന രീതിയില്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട് എന്നുമുള്ള ആരോപണങ്ങളെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് യോഗം വിളിച്ചുചേര്‍ത്തത്. ഇലക്ട്രോണിക്ക് വോട്ടിങ് യന്ത്രത്തിനു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് തള്ളിയിരുന്നു.
Advertisement