കോടതിയലക്ഷ്യനടപടി സ്റ്റേ ചെയ്യണമെന്ന ജസ്റ്റിസ് സി.എസ്.കര്‍ണന്റെ അപേക്ഷ സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാറാണ് കര്‍ണന്റെ ആവശ്യം പരിഗണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, ഏതു ദിവസം പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയില്ല. വേനലവധിക്ക് കോടതി അടച്ചതിനാല്‍ മുത്തലാഖ് കേസ് പരിഗണിച്ച ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് കര്‍ണന്റെ അഭിഭാഷകന് കോടതിയലക്ഷ്യനടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. കര്ണന് വക്കാലത്ത് ഏല്‍പ്പിച്ചിട്ടുണ്ടോയെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ അഭിഭാഷകനോട് ആരാഞ്ഞു. വക്കാലത്തുണ്ടെന്ന് ബോധ്യപ്പെടുത്തിയതോടെയാണ് അപേക്ഷ പരിഗണിക്കാന്‍ തീരുമാനിച്ചത്.
ആറുമാസം തടവ് വിധിച്ച ഉത്തരവ് പിന്‍വലിക്കണം, കോടതിയലക്ഷ്യനടപടികള്‍ സ്റ്റേ ചെയ്യണം, ഫെബ്രുവരി എട്ടിന് ഉത്തരവിട്ട കോടതിയലക്ഷ്യനോട്ടീസ് ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണം എന്നിവയാണ് കര്‍ണന്റെ മുഖ്യആവശ്യങ്ങള്‍. അപേക്ഷ വരുംദിവസങ്ങളില്‍ പരിഗണിച്ചേക്കും. ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ കര്ണന് കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് പോയി. പശ്ചിമബംഗാള്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കുന്നതിനിടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതോടെ, കര്‍ണന്റെ അറസ്റ്റ് ഉടനുണ്ടായേക്കില്ല.
Advertisement