പത്ത് സെന്റില്‍ താഴെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം മറയാക്കി മൂന്നാറില്‍ കയ്യേറ്റം തുടരുന്നു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് ദിവസങ്ങള്‍ക്കകം കെഎസ്ഇബിയുടെ ഭൂമി കയ്യേറി സ്വകാര്യ വ്യക്തി ഷെഡ് സ്ഥാപിച്ചു. റിസോര്‍ട്ട് ഉടമയായ വനിതാ നേതാവ്് ബിനാമിയെ വിലക്കെടുത്താണ് ഭൂമി കയ്യേറിയത്. മനോരമ ന്യൂസ് പരമ്പര കയ്യൂക്കില്‍ കയ്യേറ്റം തുടരുന്നു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍ പ്രചോദനമായത് മൂന്നാറിലെ കയ്യേറ്റമാഫിയക്കെന്ന് തെളിയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. മൂന്നാര്‍ സ്പെഷ്യല്‍ ട്രൈബ്യൂണലിനും ആയുര്‍വേദ ആശുപത്രിക്കും ഇടയില്‍ നേരം ഇരുട്ടിവെളുക്കുന്നതിന് മുമ്പ് പുതിയ ഷെഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. കയ്യേറിയത് പത്ത് സെന്റില്‍ താഴെ വരുന്ന കെഎസ്ഇബിയുടെ ഭൂമി.
മൂന്നാറിലെ ഭൂരഹിതരല്ല ഈ കയ്യേറ്റത്തിന് പിന്നില്‍. മൂന്നാര്‍ ടൗണില്‍ കോട്ടേജ് നടത്തുന്ന മുന്‍ പഞ്ചായത്തംഗം കൂടിയായ വനിതാ നേതാവാണ് സര്‍ക്കാര്‍ ഭൂമി വളച്ചുക്കെട്ടിയത്. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താത്കാലിക ഷെഡില്‍ താമസിപ്പിച്ചിരിക്കുന്നത് ബിനാമിയായ മറ്റൊരാളെ. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചെത്തിയപ്പോള്‍ കോടതി ഉത്തരവനുസരിച്ച് ലഭിച്ച ഭൂമിയാണെന്നായിരുന്നു മറുപടി. ഇതോടെ സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ തഹസില്‍ദാര്‍ നിര്‍ദേശം നല്കി.