മന്ത്രി തോമസ് ചാണ്ടിയുടെ മണ്ഡലമായ കുട്ടനാട്ടില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം. നാലുവശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ട നാട് കുടിനീരില്ലാതെ വലയുകയാണ്. ജല അതോറിറ്റിയുടെ പൈപ്പുകളില്‍ നിന്ന് കാറ്റുമാത്രം വന്നു തുടങ്ങിയിട്ട് ആഴ്ചകളായി.
എസി റോഡില്‍ പണ്ടാരക്കുളത്തുനിന്ന് ഏതുവഴിക്ക് തിരിഞ്ഞാലും ജല അതോറിറ്റിയുടെ പൈപ്പിനു ചുവട്ടില്‍ ഇങ്ങനെ കാലി പാത്രങ്ങള്‍ കാണാം. കഴിഞ്ഞ ഒരാഴ്ചയായി ഈ പൈപ്പുകളില്‍ തുള്ളി വെള്ളമെത്തിയിട്ടില്ല. കിലോമീറ്ററുകള്‍ അകലെയുള്ള പൈപ്പുകള്‍ക്കു ചുവട്ടിലേക്കാണ് ഈ യാത്ര. സ്വന്തം എംഎല്‍എ മന്ത്രിയായപ്പോള്‍ നാട്ടുകാര്‍ ഏറെ പ്രതീക്ഷിച്ചു.
ആദ്യമൊക്കെ പരാതി പറയുമ്പോള്‍ അതിന് ഗുണം കിട്ടിയിരുന്നു. എന്നാല്‍ പള്ളാത്തുരുത്തിയിലെ പമ്പ് തകരാറിലാണെന്ന പതിവ് മറുപടിയാണ് ഇവര്‍ക്ക് ആഴ്ചകളായി കിട്ടുന്നത്. വെള്ളത്തിനായി കടുത്ത സമരങ്ങള്‍ വേണ്ടിവരുമെന്ന തിരിച്ചറിവില്‍ അതിന് തയ്യാറെടുക്കുകയാണ് കുട്ടനാട്ടുകാര്‍.