പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിൽ നിന്ന് അകാരണമായി സ്ഥലംമാറ്റിയെന്നാരോപിച്ച് ഉദ്യോഗസ്ഥ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. ജൂനിയർ സൂപ്രണ്ടായ കുമാരി ബീനയാണ് ഡിജിപിയുടെ സ്ഥലംമാറ്റ ഉത്തരവിനെതിരെ ചീഫ് സെക്രട്ടറിയെ സമീപിച്ചത്.
പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ കഴിഞ്ഞ ദിവസമാണ് ഡിജിപി സ്ഥലംമാറ്റിയത്. ടി ബ്രാഞ്ചിൽ നിയമനം ലഭിച്ച് ഒരു വർഷം തികയും മുമ്പ് അകാരണമായാണ് സ്ഥലംമാറ്റിയതെന്നാണ് ഉദ്യോഗസ്ഥയുടെ പരാതി. ആദ്യം യു ബ്രാഞ്ചിലേയ്ക്കും പിന്നീട് എസ് എ പി ക്യാംപിലേയ്ക്കും മാറ്റി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പ്രതികാര ബുദ്ധിയോടെയാണെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഭരണ വിഭാഗത്തിന്റെ ചുമതലയുള്ള എഡിജിപിയും മറ്റ് ഉദ്യോഗസ്ഥരും അറിയാതെയാണ് നിയമന ഉത്തരവ് ഇറക്കിയതെന്നും ആക്ഷേപമുണ്ട്. ആരോപണങ്ങളുടെ പേരിൽ നേരത്തെ സ്ഥലംമാറ്റിയ സുരേഷ് കൃഷ്ണയെ വീണ്ടും ടി ബ്രാഞ്ചിലേയ്ക്ക് നിയമിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നും പരാതിയിൽ പരാമർശിക്കുന്നു. എന്നാൽ പൊലീസ് ആസ്ഥാനത്ത് വിവാദങ്ങൾ ഉണ്ടാക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നാണ് ഡിജിപി ടി പി സെൻകുമാറിന്റെ നിലപാട്.