ഡിജിപി ടി.പി. സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പുനല്‍കണമെന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സത്യവാങ്മൂലവും കോടതിയുടെ പരിഗണനയ്ക്ക് വരും. ഇന്നുതന്നെ സെന്‍കുമാറുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് അവസാനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം അടക്കം ആഴ്ചകളായി നിലനില്‍ക്കുന്ന വിവാദം സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കോടതിയലക്ഷ്യനടപടി അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. പൊലീസ് മേധാവിയായി സെന്‍കുമാറിനെ പുനര്‍നിയമിച്ച ഉത്തരവിന്റെ പകര്‍പ്പും കോടതിയ്ക്ക് കൈമാറിയിട്ടുണ്ട്. നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
എന്നാല്‍ തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുന്നതായി നളിനി നെറ്റോ വ്യക്തമാക്കി. പൊലീസ് മേധാവിയായി ചുമതലയേറ്റതോടെ, സര്‍ക്കാരുമായി തര്‍ക്കം തുടരേണ്ടതില്ല എന്ന നിലപാടാണ് സെന്‍കുമാറിനെന്ന് അറിയുന്നു. രാവിലെ സെന്‍കുമാറിന്റെ അഭിഭാഷകന് ഹാരിസ് ബീരാന് , മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിലാണ് കോടതിയലക്ഷ്യഹര്‍ജി പരിഗണിക്കുന്നത്.