മൂന്നാറിലെ ഭൂമിപ്രശ്നം പരിഹരിക്കാന്‍ സമഗ്രമായ നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രായോഗിക പ്രശ്നങ്ങള്‍ പരിഗണിച്ച് ചില നിയമങ്ങളില്‍ ഭേദഗതി വേണ്ടിവരുമെന്നും പരിസ്ഥിതി പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലടക്കം കയ്യേറ്റക്കാരോട് ദയയുണ്ടാകില്ല.
എന്നാല്‍ റവന്യു നിയമങ്ങള്‍ ദുര്‍ബലമായതിനാല്‍ മൂന്നാറിലെ തര്‍ക്കപ്രദേശങ്ങളില്‍ വനം നിയമങ്ങള്‍ ബാധകമാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കയ്യേറ്റക്കാര്‍ക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. പരിസ്ഥിതിക്ക് ദോഷകരമായ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കണമന്നും ബാക്കിയുള്ള നിര്‍മ്മാണങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ചര്‍ച്ചയ്ക്കുശേഷം സുഗതകുമാരി അറിയിച്ചു.