സിപിഎമ്മിനെ കൂട്ടുപിടിച്ച് കോൺഗ്രസിനെ അട്ടിമറിച്ച് കേരള കോൺഗ്രസ് എം. കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. കേരള കോൺഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാമെന്ന് കരാറുണ്ടാക്കിയശേഷം നാടകീയമായാണ് കേരള കോണ്‍ഗ്രസ് അട്ടിമറി നടത്തിയത്.
ഇരുപത്തിരണ്ട് അംഗങ്ങളുള്ള കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് സക്കറിയാസ് കുതിരവേലി പ്രസിഡന്റാകുകയും ചെയ്തു. സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി.
അപ്രതീക്ഷിതമായി തിരിച്ചടിയില്‍ രോഷാകുലരായ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസുമായുള്ള അവശേഷിക്കുന്ന ബന്ധവും വിച്ഛേദിക്കുകയാണെന്ന് പ്രഖ്യാപിച്ചു. കോട്ടയത്തെ അട്ടിമറി കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ചേര്‍ന്ന് ഭരിക്കുന്ന മറ്റ് തദ്ദേശസ്ഥാപനങ്ങളേയും ബാധിച്ചേക്കും.