കശ്മീരില്‍ തുടരുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോട്, പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്്ലി അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചു. വിഘടനവാദികളുയര്ത്തുന്ന വെല്ലുവിളിക്ക് പരിഹാരം തേടി ജമ്മുകശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍ വോറ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. അതേസമയം, കശ്മീരിലെത്തിയ കരസേന മേധാവി ബിപിന്‍ റാവത്ത് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കരസേനയ്ക്കു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തിയത്. പാക്കിസ്ഥാനെതിരെ സ്വീകരിക്കേണ്ട സൈനിക, നയതന്ത്ര നടപടികളെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി. സംഘര്‍ഷം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളുടേയും ഡി.ജി.എം.ഒമാര്‍ ഉടന്‍ സംസാരിക്കും.
കശ്മീരില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃതത്വത്തില്‍ തുടരുന്ന സംഘര്‍ഷം ഉടന്‍ പരിഹരിക്കുമെന്ന് ഗവര്‍ണര്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിച്ചു. അതിനിടെ, രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി കശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഭീകരാക്രമണം നടന്ന കുല്‍ഗാം, കുപ്്വാര മേഖലകള്‍ സന്ദര്‍ശിച്ചു. അതേസമയം, പാകിസ്ഥാനുമായി ചര്‍ച്ച നടത്തി കേന്ദ്രസര്‍ക്കാര്‍ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
നീതിപൂര്‍വകവും സമാധാനവുമായ തിരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യമില്ലെന്നു വ്യക്തമാക്കി അനന്ത്നാഗ് ലോക്സഭാ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന് റദ്ദാക്കി.. ഇത് രണ്ടാം തവണയാണ് അനന്ത്്നാഗ് ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം റദ്ദാക്കുന്നത്. ഇന്നലെ പാക് വെടിവയ്പ്പിലും ഭീകരാക്രമണത്തിലും കൊല്ലപ്പെട്ട സൈനികര്‍ക്കും പൊലീസുകാര്‍ക്കും സൈന്യം യാത്രാമൊഴി നല്കി.