സെൻകുമാർ വിഷയത്തിൽ സർക്കാർ വീണ്ടും നിയമനടപടിയിലേയ്ക്ക്. ഡിജിപി സ്ഥാനത്ത് പുനർ നിയമിക്കണമെന്ന വിധിയിൽ വ്യക്തത തേടിയാണ് സുപ്രീം കോടതിയെ സമീപിക്കുക. വിധി നടപ്പാക്കുന്നത് മറ്റ് ഡി.ജി.പിമാരുടെ സ്ഥാനങ്ങളെ എങ്ങനെ ബാധിക്കുമെന്നതിലാണ് വ്യക്തത തേടുക. ഹര്‍ജി നല്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ മന്ത്രിസഭാ യോഗം സെന്‍കുമാറിന്റെ പുനര്‍നിയമനം ചർച്ചചെയ്തേക്കില്ല
ഇടത് സർക്കാർ അധികാരത്തിൽ വന്ന ഉടൻ സെൻകുമാറിനെ അടക്കം മാറ്റിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലെ സുപ്രധാന നിയമനങ്ങളിലെല്ലാം കോടതി വിധി ബാധകമാകുമോ എന്ന കാര്യത്തിലാകും സർക്കാർ വ്യക്തത തേടുക. സുപ്രീംകോടതി വിധി വന്ന് ഒരാഴ്ച പിന്നിട്ടിട്ടും സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർനിയമിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ചീഫ് സെക്രട്ടറിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യവുമായി സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സർക്കാർ നടപടി.
സെൻകുമാറിന്റെ ഹർജി വെള്ളിയാഴ്ചയാണ് കോടതി പരിഗണിക്കുക. നേരത്തെ നിയമ സെക്രട്ടറി സെൻകുമാറിനെ ഉടൻ പുനർ നിയമിക്കണമെന്ന് നിയമോപദേശം നൽകിയിരുന്നു. കോടതിവിധി പാലിക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുകയാണെന്നായിരുന്നു സഭയിലെ പ്രതിപക്ഷ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി.മന്ത്രിസഭായോഗത്തിനുശേഷം സെൻകുമാറിനെ പൊലീസ് മേധാവിയായി പുനർ നിയമിക്കുമെന്ന സൂചനകൾക്കിടെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.