മന്ത്രി എം.എം.മണിയുടെ വിവാദമായ ഇരുപതേക്കര്‍ പ്രസംഗത്തെക്കുറിച്ചുള്ള അന്വേഷണം മൂന്നാര്‍ ഡിവൈഎസ്പി ഏറ്റെടുത്തു. ആദ്യഘട്ടത്തില്‍ പരാതിക്കാരുടെയും പ്രസംഗം കേട്ടവരുടെയും മൊഴിരേഖപ്പെടുത്തി. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പൂര്‍ണമായി പരിശോധിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.
ഈ മാസം 22ന് ഇരുപതേക്കറിലായിരുന്നു എം.എം.മണിയുടെ വിവാദപ്രസംഗം. സബ് കലക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു.
പ്രസംഗത്തിലെ സ്ത്രീവിരുദ്ധ പരാമര്‍ശം ചൂണ്ടികാട്ടി മൂന്നാറിലെ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാര സമരവും ആരംഭിച്ചു. തൊട്ടടുത്ത ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മണിക്കെതിരെ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പ്രസംഗം സ്ത്രീവിരുദ്ധവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു. ഇതേ കാര്യങ്ങള്‍ ചൂണ്ടികാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ആറ് പേര് വേറെയും പരാതി നല്‍കിയിട്ടുണ്ട്.
രാജാക്കാട് സിഐയില്‍ നിന്ന മൂന്നാര്‍ ഡിവൈഎസ്പി അന്വേഷണ ചുമതല ഏറ്റെടുത്തു. പരാതിക്കാര്‍ക്ക് പുറമെ പ്രസംഗം കേട്ട ഒരു ഡസനിലേറെ പേരില്‍ നിന്നും മൊഴിയെടുത്തു. പ്രസംഗത്തിന്റെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്. കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് അന്വേഷണം ആരംഭിക്കാന്‍ പൊലീസ് തയ്യാറായത്. പ്രസംഗം അതീവ ഗൗരവതരമാണെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
Advertisement