പുനര്‍നിയമനം വൈകിപ്പിക്കാന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ ശ്രമിക്കുമെന്ന ആരോപണവുമായി ഡിജിപി.ടി.പി.സെന്‍കുമാര്‍ സുപ്രീംകോടതിയില്‍. കോടതിയുത്തരവ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ് ചീഫ് സെക്രട്ടറിക്കെതിരെ ആരോപണമുന്നയിച്ചത്. നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.
പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാന്‍ ആഭ്യന്തരസെക്രട്ടറിയായിരിക്കെ നളിനി നെറ്റോ ഇടപെട്ടെന്നാണ് ടി.പി. സെന്‍കുമാറിന്റെ ആരോപണം. അതുകൊണ്ടുതന്നെ പുനര്‍നിയമനം വൈകിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോ പരമാവധി ശ്രമിക്കും. കോടതിയുത്തരവ് ഉടന്‍ നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണമെന്നും സെന്‍കുമാര്‍ കോടതിയലക്ഷ്യഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിധി പ്രഖ്യാപിച്ച് അഞ്ചുദിവസം പിന്നിട്ടു. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ചീഫ് സെക്രട്ടറിക്ക് കൈമാറി.
എന്നിട്ടും പുനര്‍നിയമന ഉത്തരവിറക്കാത്ത നളിനി നെറ്റോക്കെതിരെ കോടതിയലക്ഷ്യനടപടിയെടുക്കണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ കര്‍ണാടക ചീഫ് സെക്രട്ടറിക്ക് ഒരുമാസം തടവ് നല്കിയിട്ടുളള കാര്യവും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട കാലാവധി നീട്ടിനല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതി അടുത്ത ആഴ്ച സെന്‍കുമാറിന്റെ ഹര്‍ജി പരിഗണിച്ചേക്കും.
Advertisement