പാരിസ് ഭികരാക്രമണ കേസിൽ ഫ്രഞ്ച് അന്വേഷണ സംഘത്തെ എൻഐഎ സഹായിക്കും. എസ് പി ഷൗക്കത്തലി ഉൾപ്പെട്ട സംഘം അന്വേഷണത്തിനായി പാരിസിലെത്തി. കനകമല ഐസ് ഗൂഢാലോചനക്കേസിൽ എൻഐഎ പിടികൂടിയ സുബാനി ഹാജ മൊയ്തീൻ പാരീസ് ആക്രമണത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞിരുന്നു. പാരിസ് ഭീകരാക്രമണ കേസ് അന്വേഷണത്തിന്റെ സുപ്രധാന ഘട്ടത്തിലാണ് ഫ്രഞ്ച് അന്വേഷണ സംഘം എൻഐഎ സഹായം തേടിയത്. പാരിസ് ആക്രമണവുമായി ബന്ധപ്പെട്ട് പിടിയിലായ മുഹമ്മദ് ഉസ്മാൻ അടക്കം രണ്ടു പേരെയാണ് എൻഐഎ കസ്റ്റഡിയിലുള്ള സുബാനി ഹാജ മെയ്തിൻ തിരിച്ചറിഞ്ഞത്.
സുബാനി ഹാജ മൊയ്തീൻ ഇറാക്കിൽ ഐ എസ് പരിശീലനത്തിനെത്തിയപ്പോഴാണ് ഇവരെ കണ്ടത്. പരിശീലന കേന്ദ്രത്തിന്റെ കമാണ്ടറായിരുന്ന സുലൈമാൻ അൽ ഫ്രാൻസിസിയെ കാണാനാണ് ഇവർ എത്തിയത്. ഈ രണ്ടു പേരുടെയും ചിത്രങ്ങൾ സുബാനി ഹാജ തിരിച്ചറിഞ്ഞ വിവരം എൻഐഎ ഔദ്യോഗികമായി ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിക്കുകയും ചെയ്തു. ഫ്രാൻസിൽ നിന്നുള്ള അന്വേഷണ സംഘാംഗങ്ങൾ തുടർന്നു ഇന്ത്യയിലെത്തി എൻഐഎ അധികൃതരുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് അന്വേഷണ ഏജൻസിയെ സഹായിക്കാൻ എൻഐഎ സംഘം പാരിസിലേക്ക് പോയത്.
Advertisement