ജമ്മുകശ്മീരിലെ കുപ്്വാരയില്‍ സൈനികക്യാംപിന് നേരെ ഭീകരാക്രമണം. രണ്ടു ഒാഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. അഞ്ചുസൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരും കൊല്ലപ്പെട്ടു. ക്യാംപിന് പുറത്ത് നാട്ടുകാരും സുരക്ഷാസേനയുമായുള്ള സംഘര്‍ഷത്തില്‍ ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു.
അതിര്‍ത്തികടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഒരിടവേളകഴിഞ്ഞാണ് വീണ്ടും സൈനികതാവളങ്ങള്ക്കുനേരെയുള്ള ഭീകരാക്രമണം. ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സൈനികവേഷത്തിലെത്തിയ ഭീകരര്‍ കുപ്്വാരിയിലെ ക്യാന്പിന് നേരെ ആക്രമണം നടത്തിയത്. നാലംഗ സംഘത്തിലെ രണ്ടുഭീകരര്‍ ശരീരം നിറയെ സ്ഫോടകവസ്തുക്കള്‍ ധരിച്ചാണ് എത്തിയത്. മൂടല്‍ മഞ്ഞിന്റെ മറപറ്റി ഭീകരര്‍ നടത്തിയ ആക്രമണത്തെതുടര്‍ന്ന് സൈന്യവും തിരിച്ചടിച്ചു. ഗുരുതരമായി പരുക്കേറ്റ അഞ്ചുസൈനികരെ ജമ്മുവിലെ സൈനിക ആശുപത്രിയിലെത്തിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. രക്ഷപ്പെട്ട ഭീകരര്‍ക്കായി ജമ്മുകശ്മീര്‍ പൊലീസിന്റെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്.
ചൈനീസ് നിര്‍മിത ആയുധങ്ങളും പാക് കറന്‍സികളും ഭീകരരില്‍ നിന്ന് പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹം ആവശ്യപ്പെട്ട് സൈനിക ക്യാംപിന് പുറത്ത് നാട്ടുകാര്‍ സംഘടിച്ചെത്തിയത് സംഘര്‍ഷത്തിനിടയാക്കി. സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ പത്തോളം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഭീകരാക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്രആഭ്യന്തരമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ ധാരണയായി. അതിനിടെ കലാപത്തിന് ആഹ്വാനം നല്കുന്ന പ്രസംഗം നടത്തിയതിന് വിഘടനവാദി നേതാവ് അസിയ ആന്ദ്രാബിയെ പൊലീസ് അറസ്റ്റ് ചെയ്തു.
Advertisement