ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. മൂന്ന് കോര്‍പറേഷനിലും ബി.ജെ.പി വന്‍ഭൂരിപക്ഷം നേടി. ആകെയുള്ള 270 വാര്‍ഡുകളില്‍ ഒടുവില്‍ ഫലം വരുമ്പോള്‍ 181 എണ്ണം ബി.ജെ.പി നേടി. സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി രണ്ടാമതും കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തുമെത്തി.
മാലിന്യസംസ്ക്കരണവും അഴിമതിയും അടക്കമുള്ള പ്രാദേശിക പ്രശ്നങ്ങള്‍ക്കൊപ്പം നോട്ട് അസാധുവാക്കല്‍ ഉള്‍പ്പെടെയുള്ള ദേശീയ വിഷയങ്ങളും ചര്‍ച്ചയായ ഡല്‍ഹി കോര്പറേഷന് തിരഞ്ഞെടുപ്പില്‍ മോദി മാജിക്കില്‍ ബിജെപിക്ക് ഹാട്രിക്ക് വിജയം. അഭിപ്രായസര്‍വേകള്‍ ശരിവെയ്ക്കുന്നതായിരുന്നു തെക്ക്, വടക്ക്, കിഴക്ക് കോര്‍പറേഷനുകളിലെ ബിജെപിയുടെ നേട്ടം. ഒടുവില്‍ ലഭിക്കുന്ന ഫലമനുസരിച്ച് തെക്കന്‍ ഡല്‍ഹിയില്‍ 71 വാര്‍ഡുകളില്‍ ബിജെപി വിജയിക്കുകയോ, മുന്നിലെത്തുകയോ ചെയ്തു. 15 ഇടങ്ങളില്‍ ആംആദ്മി പാര്‍ട്ടിയും 12 ഇടങ്ങളില്‍ കോണ്‍ഗ്രസുമാണുള്ളത്.
വടക്കന്‍ ഡല്‍ഹിയില്‍ 64 ഇടങ്ങളിലും കിഴക്കന്‍ ഡല്‍ഹിയില്‍ 46 വാര്‍ഡുകളിലുമാണ് ബിജെപി വിജയിക്കുകയോ, മുന്നിലെത്തുകയോ ചെയ്തിട്ടുള്ളത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ ബിജെപി മുന്നേറ്റം വ്യക്തമായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ നല്കിയ പിന്തുണയാണ് കോര്‍ഷന്‍ തിരഞ്ഞെടുപ്പിലെ വിജയമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്‍ക്കത്തയില്‍ പ്രതികരിച്ചു.
എഎപി സര്‍ക്കാരിന്റെ ഹിതപരിശോധനയാണ് നടന്നതെന്നും അരവിന്ദ് കേജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ മനോജ് തിരവാരി ആവശ്യപ്പെട്ടു. നാലുമാസകൊണ്ട് ഡല്‍ഹിയിലെ മാലിന്യപ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സുഖ്മയിലെ മാവോയിസ്റ്റ് ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി വിജയാഹ്ലാദ പരിപാടികള്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്.
Advertisement