സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് മല്‍സരിക്കുന്നതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്. ഈ സാഹചര്യത്തില്‍ യച്ചൂരി മല്‍സരിക്കാനിടയില്ല. ജനറല്‍സെക്രട്ടറി തന്നെ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെ നിലപാട്. .
ബംഗാളില്‍ നിന്നുള്ള രാജ്യസഭാംഗമായ സീതാറാം യച്ചൂരിയുടെ കാലാവധി ഒാഗസ്റ്റില്‍ അവസാനിക്കാനിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ സിപിഎമ്മിന് ബംഗാളില്‍ നിന്ന് നേതാക്കളെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസിന്റെ സഹായം വേണം. സീതാറാം യച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് വിഷയം ഉയര്‍ന്നുവന്നിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന യച്ചൂരിയെ വീണ്ടും രാജ്യസഭയിലെത്തിക്കുന്നത് പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുമെന്ന വിലയിരുത്തലില്‍ കോണ്‍ഗ്രസ് യച്ചൂരിയെ പിന്തുണയ്ക്കാന്‍ സന്നദ്ധമായി.
എന്നാല്‍ കോണ്‍ഗ്രസ് പിന്തുണയോടെ പാര്‍ട്ടി ജനറല്‍സെക്രട്ടറി തന്നെ രാജ്യസഭയിലെത്തുന്നത് ആത്മഹത്യാപരമാകുമെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിലെ ഒരുവിഭാഗത്തിന്റെ നിലപാട്. രാജ്യസഭാ എം.പി പദത്തിനുവേണ്ടി കോണ്‍ഗ്രസ് പിന്തുണതേടിയാല് ജനങ്ങളോടും അണികളോടും നേതൃത്വത്തിന് വിശദീകരിക്കാന്‍ വിഷമിക്കേണ്ടിവരും. കോണ്‍ഗ്രസ് അടക്കമുള്ള ബൂര്‍ഷ്വാ പാര്‍ട്ടികളുമായി സഹകരിക്കുന്നത് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമാണെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
രണ്ടുതവണയില്‍ കൂടുതല്‍ ഒരാള്‍ക്ക് സീറ്റ് നല്‍കരുതെന്ന മാനദണ്ഡത്തില്‍ നിന്ന് ജനറല്‍ സെക്രട്ടറിയെ ഒഴിവാക്കിയിട്ടില്ലെന്നതും ജനറല്‍സെക്രട്ടറി പദവും രാജ്യസഭാ എം.പി സ്ഥാനവും ഒരാള്‍ തന്നെ വഹിക്കേണ്ടതില്ലെന്നും യച്ചൂരി വീണ്ടും മല്‍സരിക്കുന്നതിനെ എതിര്‍ക്കുന്ന വിഭാഗം ഉന്നയിക്കുന്നു. പാര്‍ട്ടിക്കകത്തെ കടുത്ത വിയോജിപ്പിന്റെ സാഹചര്യത്തില്‍ സീതാറാം യച്ചൂരി രാജ്യസഭയിലേക്ക് മല്‍സരിക്കാനിടയില്ല.
Advertisement