സര്‍ക്കാര്‍ ഒഴിപ്പിച്ച പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ് സ്ഥാപിച്ചത് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകര്‍. കയ്യേറ്റ ഭൂമിയില്‍ നിന്ന് കസ്റ്റഡിയിലായ രാജകുമാരി സ്വദേശി സിബി, കല്പറ്റ സ്വദേശി രാജു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ ശാന്തന്‍പാറ പൊലീസ് കേസെടുത്തത്. പാപ്പാത്തിച്ചോലയിലെ ഭൂമിയില്‍ പൊലീസ് കാവല്‍ ഏര്‍പെടുത്തി.
വെള്ളിയാഴ്ച ഉച്ചയോടെ പാപ്പാത്തിച്ചോലയില്‍ പ്രത്യക്ഷപ്പെട്ട മരക്കുരിശ് ഇന്ന് പുലര്‍ച്ചെയാണ് അപ്രത്യക്ഷമായത്. ഇത് അന്വേഷിക്കാനെത്തിയ ശാന്തന്‍പാറ എസ്ഐ പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. രാജുവും, സിബിയും സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സക്കറിയുടെ വാഹനത്തിലാണ് സ്ഥലത്ത് എത്തിയത് ഇരുവരും സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരാണ്.
സ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്തു. ഇതോടെയാണ് കുരിശ് സ്ഥാപിച്ചതും പിന്നീട് പിഴുത്മാറ്റിയതും ഇവര്‍ സമ്മതിച്ചത്. ടോം സക്കറിയക്ക് കുരിശ് സ്ഥാപിച്ചതുമായി ബന്ധമില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. സര്‍ക്കാര്‍ ഭൂമിയില്‍ അധിക്രമിച്ച് കയറിയതിനും സംഘം ചേര്‍ന്നതിനുമാണ് കേസെടുത്തത്. അതേസമയം പാപ്പാത്തിച്ചോലയിലെ പുതിയ കുരിശുമായി ബന്ധമില്ലെന്ന നിലപാടിലാണ് സ്പിരിറ്റ് ഇന്‍ ജീസസ്. എന്നാല്‍ അറസ്റ്റിലായവര്‍ സംഘടനയിലെ അംഗങ്ങളാണെന്നും ഭാരവാഹികള്‍ സമ്മതിച്ചു. സ്പിരിറ്റ് ഇന്‍ ജീസസിന്റെ വിശദീകരണം പാടെ തള്ളുന്നതാണ് അറസ്റ്റിലായവരുടെ മൊഴി. കുരിശ് സ്ഥാപിച്ചവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. സര്‍ക്കാര്‍ ഭൂമിയില്‍ അധിക്രമിച്ച് കയറിയതിനും ഭൂമി കയ്യേറിയതിനും ഭൂസംരക്ഷണ നിയമ പ്രകാരം സംഘടന മേധാവി ടോം സക്കറിയക്കെതിരെയും കേസെടുത്തിട്ടുണ്ട്.