റവന്യൂവകുപ്പിന്റെ പ്രവര്‍ത്തനത്തെച്ചൊല്ലി സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദനും സി.പി.ഐ നേതാവ് പി.പ്രസാദും കൗണ്ടര്‍പോയന്റില്‍ നേര്‍ക്കുനേര്‍.
അറുപത് വര്‍ഷം മുമ്പ് ഗൗരിയമ്മ കൊണ്ടുവന്ന കാര്‍ഷിക പരിഷ്കരണ നിയമം റവന്യൂവകുപ്പ് ഭരിച്ചവര്‍ ഇതുവരെ എന്തുകൊണ്ട് നടപ്പിലാക്കിയില്ല എന്ന ചോദ്യമാണ് ആനത്തലവട്ടം സി.പി.ഐയെ ലക്ഷ്യമിട്ട് തൊടുത്തത്.
താനോ ആനത്തലവട്ടമോ വിചാരിച്ചാല്‍ ചരിത്രത്തെ വിസ്മരിക്കാനാവില്ല എന്ന മുഖവുരയോടെ റവന്യൂവകുപ്പില്‍ സി.പി.ഐ നടപ്പാക്കിയ ജനക്ഷേമ നടപടികള്‍ അക്കമിട്ട് നിരത്തിയായിരുന്നു പി.പ്രസാദിന്റെ മറുപടി. ഒരു പൈസ കൊടുക്കാതെ ടാറ്റയുടെ കൈയില്‍ നിന്ന് പതിനായിരക്കണക്കിന് ഏക്കര്‍ വനഭൂമി പിടിച്ചെടുത്തത് പി.എസ്.ശ്രീനിവാസന് റവന്യൂമന്ത്രിയായ കാലത്താണ്. സാധാരണക്കാരന് ഭൂമി നല്കാന് പട്ടയമേളകള്‍ സംഘടിപ്പിച്ചത് സി.പി.ഐക്കാരനായ കെ.ടി.ജേക്കബ് മന്ത്രിയായിരുന്നപ്പോഴാണ്. പട്ടയവീരന് എന്ന് ആക്ഷേപിക്കാന്‍ അന്ന് പലരുമുണ്ടായിരുന്നു. ആലുവ മണപ്പുറത്തെ ശിവരാത്രി തിരക്കായിരുന്നു ഓരോ പട്ടയമേളകളിലും. വന്‍കിടക്കാരന്റെ ഭൂമി പിടിച്ചെടുത്ത് സാധാരണക്കാരന് നല്‍കുക എന്ന നയമാണ് ഈ സര്‍ക്കാരിലും റവന്യൂവകുപ്പും സി.പി.ഐയും ചെയ്തുവരുന്നത്. ഉള്ളില്‍ നിന്നോ പുറത്തുനിന്നോ കയ്യേറ്റക്കാര്‍ക്കുവേണ്ടി ആര് തടസം സൃഷ്ടിച്ചാലും അത് പരിഗണിക്കാതെ ഒഴിപ്പിക്കല്‍ നടപടിയുമായി പാര്‍ട്ടി മുന്നോട്ടുപോകുമെന്നും പി.പ്രസാദ് പറഞ്ഞു.