മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി. സൂര്യനെല്ലി പാപ്പാത്തിചോലയില്‍ ഭൂമി കയ്യേറി സ്ഥാപിച്ച ഭീമന് കുരിശും താല്കാലിക ഷെഡുകളും പൊളിച്ചുനീക്കി. 25 അടി ഉയരമുള്ള കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെ.സി.ബിയും ഉപയോഗിച്ചാണ് പൊളിച്ചുനീക്കിയത്. അഡീഷനല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യു, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരാണ് നടപടികള്‍ക്ക് മേല്‍നോട്ടംവഹിച്ചത്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്പിരിച്വല്‍ ടൂറിസത്തിന്റെ മറവില്‍ നൂറിലേറെ ഏക്കര്‍ ഭൂമിയാണ് ഇവിടെ കയ്യേറിയത്. മനോരമ ന്യൂസ് കയ്യൂക്കില്‍ കയ്യേറ്റം പരമ്പരയാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍ പുറത്തുകൊണ്ടുവന്നത്. തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടല്‍. തൃശൂര്‍ കുരിയച്ചിറ ആസ്ഥാനമായ സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടനയാണ് പാപ്പാത്തിച്ചോലയില്‍ ഭൂമി കയ്യേറി കുരിശ് സ്ഥാപിച്ചത്. കയ്യേറ്റം സംബന്ധിച്ച് ആഭ്യന്തരവകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.